ഇണച്ചെരുപ്പുകൾ
ഇണച്ചെരുപ്പുകൾ. വള്ളിയുടെ ദ്വാരം വലുതായി അതിന്റെ മൊട്ട് ഇടക്കിടെ ഊരിപ്പോകുന്നത് കാരണം ചാക്കുനൂലുകൊണ്ടു നന്നായി കെട്ടി വെച്ചാണ് മുത്തു ഹവായി ചെരുപ്പ് ഇട്ട് നടക്കാറുള്ളത്. ഇന്നിപ്പം മഴകൊണ്ട് ചാക്ക് നൂല് പിന്നി പോയിരിക്കുന്നു. സുന്ദരി കൊടുത്ത ചോറ്റുപാത്രം സഞ്ചിയിലിട്ട് കൈക്കോട്ട് എടുത്തു ചുമലിൽ സ്ഥാപിച്ച് അയാൾ ഇറങ്ങി. കോവിലകത്തൊടി വരെയേ പോകാനുള്ളൂ, ടാറിട്ട നിരത്തിലൂടെ നടക്കാൻ ചെരുപ്പ് നിര്ബന്ധമില്ല. ചെരിപ്പില്ലാതെ ശബരിമല കയറി ഇറങ്ങിയ തനിക്കാണോ കുറച്ചൊന്നു നടക്കാൻ വിഷമം?. അങ്ങനെയൊക്കെ കരുതിയാണ് മുത്തു നടന്നത്. ഇടവഴി കടന്ന് നിരത്തിൽ കയറി വെങ്കട്ടരാമൻ ഡോക്ടറുടെ ക്ലിനിക്കിന്റെ മുന്നിലെത്തുമ്പോഴേക്കും ആ കരുതൽ പോരാതെ വന്നു. കാലുകൾ അതിന്റെ പ്രധിഷേധം അറിയിക്കാൻ തുടങ്ങി. അങ്കപ്പന്റെ വീടും കടയും ചേർന്ന സ്വര്ണപ്പണിക്ക് മുന്നിലെ പുല്ലുകൾക്കിടയിൽ യാദൃച്ഛികമായാണ് അവൻ അത് കണ്ടത്. വലത്തേ കാലിന്റെ ഒരു തുകൽ ചെരുപ്പ്. നല്ല മയം, വള്ളിയും പാകം. പക്ഷെ എന്ത് ചെയ്യും, അതിന്റെ ഇടത്തെ കാൽ ഇല്ല. അത് കാലിലിട്ട് പ്രതീക്ഷയോടെ മുത്തു പുല്ലുകൾക്ക...