ഇണച്ചെരുപ്പുകൾ
ഇണച്ചെരുപ്പുകൾ.
വള്ളിയുടെ ദ്വാരം
വലുതായി അതിന്റെ മൊട്ട് ഇടക്കിടെ ഊരിപ്പോകുന്നത് കാരണം ചാക്കുനൂലുകൊണ്ടു നന്നായി കെട്ടി
വെച്ചാണ് മുത്തു ഹവായി ചെരുപ്പ് ഇട്ട് നടക്കാറുള്ളത്.
ഇന്നിപ്പം മഴകൊണ്ട്
ചാക്ക് നൂല് പിന്നി പോയിരിക്കുന്നു. സുന്ദരി കൊടുത്ത ചോറ്റുപാത്രം സഞ്ചിയിലിട്ട് കൈക്കോട്ട്
എടുത്തു ചുമലിൽ സ്ഥാപിച്ച് അയാൾ ഇറങ്ങി.
കോവിലകത്തൊടി
വരെയേ പോകാനുള്ളൂ, ടാറിട്ട നിരത്തിലൂടെ നടക്കാൻ ചെരുപ്പ് നിര്ബന്ധമില്ല. ചെരിപ്പില്ലാതെ
ശബരിമല കയറി ഇറങ്ങിയ തനിക്കാണോ കുറച്ചൊന്നു നടക്കാൻ വിഷമം?.
അങ്ങനെയൊക്കെ
കരുതിയാണ് മുത്തു നടന്നത്. ഇടവഴി കടന്ന് നിരത്തിൽ കയറി വെങ്കട്ടരാമൻ ഡോക്ടറുടെ ക്ലിനിക്കിന്റെ
മുന്നിലെത്തുമ്പോഴേക്കും ആ കരുതൽ പോരാതെ വന്നു. കാലുകൾ അതിന്റെ പ്രധിഷേധം അറിയിക്കാൻ
തുടങ്ങി.
അങ്കപ്പന്റെ
വീടും കടയും ചേർന്ന സ്വര്ണപ്പണിക്ക് മുന്നിലെ പുല്ലുകൾക്കിടയിൽ യാദൃച്ഛികമായാണ് അവൻ
അത് കണ്ടത്. വലത്തേ കാലിന്റെ ഒരു തുകൽ ചെരുപ്പ്. നല്ല മയം, വള്ളിയും പാകം.
പക്ഷെ എന്ത്
ചെയ്യും, അതിന്റെ ഇടത്തെ കാൽ ഇല്ല. അത് കാലിലിട്ട് പ്രതീക്ഷയോടെ മുത്തു പുല്ലുകൾക്കിടയിലെല്ലാം അതിന്റെ
ഇണക്കുവേണ്ടി പരതി.
കുറെ തെരഞ്ഞ
ശേഷം അവൻ നിരാശനായി കാലിലിട്ടത് അവിടെ തന്നെ
ഊരിയിട്ട് മുന്നോട്ടു നടന്നു. എത്ര ദരിദ്രനായാലും ഒറ്റക്കാലിൽ മാത്രം ചെരിപ്പിട്ടു
നടക്കുന്നത്, ഛെ, മോശം.
നഗ്നപാദചരണത്തിന്റെ
ചെറിയ അസ്വാസ്ഥ്യം കാരണം നടത്തം പതുക്കെ ആയിരുന്നു.
നിരത്തിൽ തെറ്റിക്കിടന്ന ഒരു കുട്ടിക്കല്ല് കാലിൽ തുളച്ചു കയറാൻ നോക്കിയത് അവനെ പിടിച്ചു
നിർത്തി.
വീട്ടിൽ പോയി
ചെരുപ്പ് വല്ല വിധത്തിലും കാലിൽ പിടിപ്പിച്ചു വന്നാലോ എന്നാലോചിച്ചു. വൈകി ചെന്നാൽ
ഇന്നത്തെ പണി പോയാലോ എന്ന പേടിയാണ് അവനെ പിന്തിരിപ്പിച്ചത്.
ബെൻസ് കമ്പനിയുടെ
മുന്നിൽ എത്തിയപ്പോൾ അവൻ നിന്നു റോഡരികിലെ ചാലിൽ അതാ ഒരു ചെരിപ്പ്. നേരത്തെ കണ്ടതിന്റെ
ഇടത്തെ കാൽ.
ഒരു കേടുമില്ല.
ഇതെങ്ങനെ? നല്ല ചെരിപ്പുകൾ!. രണ്ടിടത്തായി!.
പിന്നെ അവൻ
ഊഹിച്ചു. മലപ്പുറത്തു നിന്നു വന്ന് മടങ്ങിപ്പോകുന്ന ഏതെങ്കിലും പോത്തു വണ്ടിയിൽ നിന്നു
വീണതാകാം. ഒന്ന് പോയതായി മനസ്സിലായപ്പോൾ അതിന്റെ ഉടമസ്ഥൻ പിന്നീട് അതിന്റെ തുണയേയും
കളഞ്ഞിരിക്കാം. ചെരുപ്പ് ഒറ്റയായി വാങ്ങാൻ കിട്ടുന്ന നിലയിലേക്ക് ആ വ്യവസായം പുരോഗമിച്ചിട്ടില്ലല്ലോ.
അവൻ അത് എടുത്തു.
ഒന്ന് തലോടി. നേരം വൈകുന്നെങ്കിൽ വൈകട്ടെ അവൻ തിരിച്ചു നടന്നു, വേഗത്തിൽ തന്നെ. ഇനിയിപ്പോൾ
കാലിന്റെ വേദന നിസ്സാരം. അധികനേരം നടക്കേണ്ട ആവശ്യമില്ലല്ലോ.
അങ്കപ്പന്റെ
കട തുറന്നിരിക്കുന്നു. അവൻ ഉമിയും കുഴലുമൊക്കെയായി ഊത്ത് തുടങ്ങിയിട്ടില്ല.
മുന്നിലെ പുല്ലുകൾക്കിടയിൽ
നോക്കി അവൻ ഞെട്ടി. വലത്തേ കാലിലെ ചെരിപ്പ് അവിടെ ഇട്ട സ്ഥലം നല്ല ഓർമയുണ്ട്. എന്നിട്ടെന്താ,
ചെരിപ്പില്ല.
അവൻ കയ്യിലെ
വലതുകാൽ ചെരിപ്പിലേക്കു നോക്കി. എന്ത് കാര്യം, ഇണച്ചെരിപ്പില്ലാതെ? ചില ദിവസങ്ങൾ ഇങ്ങനെ
ആണ്. ഗതി കെട്ടവ.
അവൻ അത് അവിടെ
എറിഞ്ഞു.
വീണ്ടും തെക്കോട്ടു
നടക്കുമ്പോൾ ഒരനക്കം തോന്നി അവൻ തിരിഞ്ഞു.
അപ്പാ... കിടച്ചാച്ചി.
അങ്കപ്പന്റെ ചെക്കൻ മുത്തു വലിച്ചെറിഞ്ഞ ചെരിപ്പെടുത്ത് അകത്തേക്കോടുന്നു.
എടാ...
മുത്തു ചെക്കനെ
ഒരു വിളി വിളിച്ചു. ഒന്നുകൂടി വിളിക്കാൻ തുടങ്ങിയതാണ്. പിന്നെ അത് വേണ്ടെന്നു വെച്ചു.
ഈ ചെരിപ്പിന്മേൽ ചെക്കനേക്കാൾ തനിക്കെന്തവകാശം?
അവൻ നീങ്ങി,
നടന്നുതന്നെ, നഗ്നപാദനായി.
Comments
Post a Comment