കീരിശല്യം

 

 കളക്ടറുടെ മീറ്റിംഗ് ചായക്ക്മുറിഞ്ഞപ്പോഴാണ് അദ്ദേഹം കുറുപ്പിനെ ശ്രദ്ധിച്ചത്. അദ്ദേഹം പറഞ്ഞു: 'കുറുപ്പേ ശാല ഒന്ന് റെഡി ആക്കി വെച്ചോളൂ, ചീഫ് സെക്രട്ടറിയും വിദേശി സുഹൃത്തും നഗരത്തിലെത്തുന്നുണ്ട്, മൃഗശാലയും സന്ദര്ശിച്ചേക്കാം.

തടയേണ്ടല്ലോ, പ്രശ്നങ്ങളൊന്നും ഇല്ലല്ലോ?'.

 

'ഇല്ല സാർ, എല്ലാം ടീക് ടാക്ക് ആണ്'.

 

കളക്ടർ നീങ്ങി അകന്നപ്പോഴാണ് ചന്തുണ്ണിക്കുറുപ്പ് കീരിയുടെ കാര്യം ഓർത്തത്. അടുത്തിടെ ഒന്ന് ചത്തതോടു കൂടി രണ്ടു കൂടും ഒഴിഞ്ഞു കിടക്കുകയാണ്. സെക്രട്ടറിക്കോ സുഹൃത്തിനോ അപ്രീതി ഉണ്ടായാൽ തന്റെ പ്രൊമോഷൻ സ്വാഹ.

 

അയാൾ ഉടനെ ട്രാവലേഴ്സ് ബംഗ്ലാവിന്റെ ഓഫീസിൽ  ചെന്ന് മൃഗശാലയിലേക്കു വിളിച്ചു. സീനിയർ ക്ലാർക്ക് കണാരനെ ആണ് കിട്ടിയത്.

 

'ഇപ്പൊത്തന്നെ  തിരുവന്തപുരത്തേക്കു ഒരു അപേക്ഷ അയച്ചോളു, നമുക്ക് തത്കാലം രണ്ടു കീരി വരട്ടെ. മുന്നിലെ കൂട് ഒഴിഞ്ഞു കിടക്കാൻ പാടില്ല.'

 

'സാറ് വന്നിട്ട് പോരെ, ഒപ്പിടേണ്ടേ'?

 

'ശരി എന്നാൽ ടൈപ്പ് ചെയ്തു വെച്ചോളൂ, ഞാനിതാ എത്തിപ്പോയി'.

 

മീറ്റിംഗ് കഴിഞ്ഞ് കളക്ടർ എണീറ്റപ്പോൾ തന്നെ കുറുപ്പ് പുറത്തു കടന്ന് സൈക്കിളിന്റെ സ്റ്റാൻഡ് പോലും തട്ടാൻ നിൽക്കാതെ ചവിട്ടി ശാലയിലെത്തി.

 

'കത്തെവിടെ?'

 

'ടൈപ്പ്റൈറ്ററിൽ തന്നെയുണ്ട് സാർ.'

 

കത്തിന്റെ കാതൽ ഭാഗം വായിച്ച് കുറുപ്പ് നെറ്റി ചുളിച്ചു.

 

Send us a mangoose for the first cage, and another mongoose for the second cage.

 

എന്ത് കത്താണെടോ, രണ്ടു കീരികളെ അയക്കാൻ ഇംഗ്ലീഷിൽ അപേക്ഷിച്ചാൽ പോരെ?

 

അതാണ് സാർ പ്രശനം.

 

എന്ത് പ്രശനം?

 

കണാരൻ വേസ്റ്റ് ബാസ്കറ്റിലെ ചുരുട്ടിക്കൂട്ടിയ കടലാസുകൾ കാണിച്ചു.

 

'അങ്ങനെ എഴുതാൻ ശ്രമിച്ചതിന്റെ ഫലമാണ്'.

 

എന്തുണ്ടായി?.

 

'mangoose ന്റെ ബഹുവചനം ആർക്കും അറിയില്ല. ആദ്യം ഞാൻ mangeese എന്ന് ടൈപ്പ് ചെയ്തു. അത് ശരിയല്ലെന്നു ക്യൂറേറ്റർ. പിന്നെ ഞാൻ അത്

കീറിക്കളഞ്ഞ് mangooses എന്ന് ടൈപ്പ് ചെയ്തുഅത് ശരിയല്ലെന്ന് അസിസ്റ്റന്റ് മാനേജർ.

 

പിന്നെ സാറ് വന്നിട്ട് ശരിക്ക് എഴുതാമെന്ന് വെച്ചു'.

 

അത്രയും പറഞ്ഞ് ദീർഘമായി നിശ്വസിച്ച് കണാരൻ പറഞ്ഞു.

 

'മാറ്റി ടൈപ്പ് ചെയ്യാം അല്ലെ? ശരിയായ വേർഡ് സാറ് പറയൂ'.

 

കുറുപ്പ് കത്ത് ഒന്ന് രണ്ടു തവണ വായിച്ചു. കണാരനെ നോക്കി.

 

പിന്നെ പേന എടുത്ത് ഒപ്പിട്ട്, സീൽ കുത്തി,തിരിച്ച്  കണാരനെ ഏല്പിച്ചിട്ടു പറഞ്ഞു: അതിനൊന്നും ഇനി നേരമില്ല. ഇങ്ങനെ മതി അയച്ചോളു.

Comments

Popular posts from this blog

അനുരഞ്ജനം

ഇണച്ചെരുപ്പുകൾ

ചോന്ന ഗോതമ്പിന്റെ നിറം