പ്രസംഗവിദ്യാർത്ഥി
'നീ
എന്റെ കൂടെ വാ, വിരസത
മാറിക്കിട്ടും. കുറച്ചാളുകളെ പരിചയപ്പെടുകയും ചെയ്യാം'. ഒരു ദിവസം റെസിഡൻസ്
അസോസിയേഷന്റെ മീറ്റിംഗിന് എന്നെ കൂട്ടിക്കൊണ്ടുപോയി. അവൻ അതിന്റെ സെക്രട്ടറി
ആണ്.
'ബാബു,
എന്റെ ബാല്യകാലസുഹൃത്താണ്, പുറത്തായിരുന്നു'. കൂടുതലും മുതിർന്ന പൗരന്മാരുള്ള കൂട്ടത്തിൽ കുറെ പേരോട് എന്നെ
പരിചയപ്പെടുത്തി. ഞാൻ പരിചയപ്പെട്ടു, കൈ
കുലുക്കി, കുശലം പറഞ്ഞു.
അജണ്ടയുടെ
ഭാഗമായി അവന്റെ ഒരു പ്രസംഗം. അത്
കഴിഞ്ഞു ഞങ്ങൾ മടങ്ങി.
നല്ല
അനുഭവം. ഞാനതു
വിട്ടില്ല. എന്തെങ്കിലും ഒത്തുചേരലോ ആഘോഷമോ ഉണ്ടായാൽ അവൻ എന്നെ കൂട്ടും.
അവന്റെ സുഹൃത് എന്ന നിലക്ക് എനിക്കും
സ്വാഗതമുണ്ടായി. അംശം അധികാരിക്ക് കോൽക്കാരനെ
പോലെ, ഡോക്ടർക്ക് കോംപൗണ്ടേറെ പോലെ, ആനക്ക് വാല് പോലെ എനിക്കും
അവന്റെ പിന്നിൽ അനിഷേധ്യമായ സ്ഥാനം കിട്ടി.
മനസ്സ്
വ്യാമോഹക്കുമിളകൾ നിറഞ്ഞ പ്രവാസജീവിതത്തിന്റെ നഷ്ടവസന്തത്തിന്റെ ഓര്മകളിലേക്കുള്ള യാത്ര ചുരുക്കി.
ഞാൻ
ഒരു അപ്പ്രെന്റിസിനെ പോലെ അവനെ പഠിക്കുകയായിരുന്നു.
പ്രസംഗം
എളുപ്പം.
വേദിയിൽ
സന്നിഹിതരായവരുടെ പേരുകൾ പോഡിയത്തിലെ ലിസ്റ്റിൽ നിന്ന് വായിച്ച് ഓരോരുത്തർക്കും നമസ്കാരം. അത് കഴിഞ്ഞ് വേദിയിലേക്കുള്ള
ക്ഷണത്തിനും സംസാരിക്കാനുള്ള അവസരത്തിനും സംഘടകരോടുള്ള നന്ദി.
സന്ദർഭവും
ആയി ബന്ധമുള്ള കുറച്ചു വാക്കുകൾ. അതിനിടക്ക് ഒരു ഫലിതം. പിന്നെ
ഒരിക്കൽക്കൂടി നന്ദി, നമസ്കാരം.
ഇത്രയേ
ഉള്ളു. ഇതിൽ സാന്ദർഭോചിതമായ ചുരുങ്ങിയ
വാക്കുകൾ ഒഴികെ ബാക്കി എല്ലാം പണ്ട് ഹിന്ദി മാഷ്
എസ്കിമോ പാഠം പഠിപ്പിച്ച പോലെ തനിയാവർത്തനം.
മാഷെ
പരിഹസിക്കുന്നത് തെറ്റ്. 22 കൊല്ലം ഒരേ പാഠപുസ്തകം. ഉറക്കത്തിലെ
പിറുപിറുപ്പ് പോലും 'എസ്കിമോ ലോഗ് ബർഫ് കെ
ടുക്കഡേ ഏക് ഏക് പർ
ചിൻകേ ഇഗ്ലൂ ബനാത്തെ
ഹേ' എന്ന വാക്യശകലങ്ങൾ ആയിരുന്നു
എന്ന് മുതിർന്ന കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്. രാജശേഖരന്റെ പ്രസംഗം പോലെ, ഒരേ രാഗം, താനം,
പല്ലവി.
ഞാനിതിനു
കുറെ സാക്ഷി ആയി.
തീരെ
അസഹനീയമായി തോന്നിയത് അവന്റെ ഫലിതമാണ്.
എന്നും
എപ്പോഴും ഒന്ന് തന്നെ. 'ഞാൻ ആഫിക്കയിലെ കാഴചബംഗ്ളാവിൽ
പോയപ്പോൾ എടുത്ത ഒരു സെൽഫി വീട്ടിലെത്തിയപ്പോൾ
ഇതെന്താണെന്നു ഭാര്യ ചോദിച്ചു. ഞാനും ചിമ്പാൻസിയും ആണ്, ഞാൻ പറഞ്ഞു.
ഇതിലേതാണ് ചിമ്പാൻസി എന്നായി അവളുടെ ചോദ്യം'.
അതാണ്
ഫലിതം.
അതുകഴിഞ്ഞ്
എല്ലാവര്ക്കും ചിരിക്കാൻ വേണ്ടി ഒരു മിനിറ്റ് ദയാപൂർവം അനുവദിക്കും.
വാർഡ്
ലെവൽ അസോസിയേഷനുകളുടെ മീറ്റിംഗിന് കൂടെ ചെല്ലാൻ അവൻ ക്ഷണിച്ചു.
'നീ
ആ ഫലിതം മാറ്റാമെങ്കിലേ ഞാനുള്ളൂ', ഞാൻ ശഠിച്ചു. 'എന്നും
നീയും ചിമ്പാൻസിയും. അരോചകം എന്ന് പോരാ, ജുഗുപ്സാവഹം എന്ന് തന്നെ വേണം, പറയാൻ'.
മാറ്റാം,
അവൻ ഉറപ്പു തന്നു. വാൽ അനുഗമനം തുടർന്നു.
ഞങ്ങൾ
ഹാളിൽ എത്തി. ആരോ അവനെ വേദിയിലെ
കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു. ഞാൻ ഉള്ളതുകൊണ്ട് അവനതു
നിരസിച്ചു. 'ഞാനിവിടെ എന്റെ സുഹൃത്തിന്റെ കൂടെ ഇരുന്നോളാം. ആവശ്യമുണ്ടെങ്കിൽ
വേദിയിലേക്ക് വന്നാൽ മതിയല്ലോ'.
എല്ലാവരെയും
സ്വാഗതം ചെയ്ത ശേഷം അധ്യക്ഷൻ കാര്യപരിപാടിയുടെ
ലിസ്റ്റ് നോക്കി
'രണ്ടു വാക്ക്' പറയാൻ സെക്രട്ടറിയെ ക്ഷണിച്ച് വേദിയിലെ കസേരകളിൽ പരതി.
കാണാതെ
ആശയക്കുഴപ്പത്തിലായ അദ്ദേഹം സദസ്സിലേക്ക് തിരിഞ്ഞപ്പോൾ രാജശേഖരൻ പെട്ടെന്ന് കാര്യം ഗ്രഹിച്ച് എണീറ്റ്
കുട
എന്റെ കയ്യിൽ സൂക്ഷിയ്ക്കാനേല്പിച്ച് എന്റെ കസേര മറിച്ചു കടന്ന്
വേദിയിലെത്തി.
എനിക്ക്
ശ്രദ്ധിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല, മനഃപാഠം ആണ്. എന്നാലും ഞാൻ
ശ്രദ്ധിച്ചു. മാറ്റാമെന്ന് പറഞ്ഞ സ്ഥിതിക്ക് അവൻ ഇന്ന് ഏതു ഫലിതമാണ് വിളമ്പുന്നത്
എന്നറിയാനുള്ള ജിജ്ഞാസ.
സാധാരണ
പറയാറുള്ള വാക്കുകളെല്ലാം കഴിഞ്ഞപ്പോൾ അവൻ തുടങ്ങി: 'എനിക്ക്
ഒരു വലിയ തമാശ ഓർമ
വരുകയാണ്'.
എനിക്ക്
ഉദ്വേഗം കൂടി. അവൻ
തുടർന്നു. 'ഒരിക്കൽ എന്റെ സുഹൃത്ത് ആഫ്രിക്കയിൽ പോയപ്പോൾ...'.
ഞാൻ
ചുറ്റും നോക്കി. ഭാഗ്യം! ആരും ആ സുഹൃത്തിനെ
തിരയുന്നില്ല. കുട അവന്റെ സീറ്റിൽ
വെച്ച് ഞാൻ പുറത്തേക്കു നിരങ്ങി.
Comments
Post a Comment