സഹായിക്കാൻ സഹായിക്കണം.


 

മഴ തോരാതെ പെയ്തു. പുഴ കര കവിഞ്ഞൊഴുകി വെള്ളം മുറ്റത്തെത്തി.

അത് പിന്നെ അകത്തു കയറി. ദേവദാസൻ പുറത്തേക്കു നോക്കി പ്രാർത്ഥിച്ചു.

 

അപ്പോഴതാ ഒരു തോണി കടവിലേക്ക് അടുക്കുന്നു. 'വെള്ളം ഇനിയും  കയറും , ഇതിലേക്ക് കയറു, ഞാൻ ദൂരെ ഉയർന്ന നിലത്ത് എത്തിക്കാം' , മുള നേരെ നിർത്തി തോണിക്കാരൻ വിളിച്ചു.

 

'വേണ്ട എന്നെ ദൈവം രക്ഷിക്കും', അയാൾ തോണിക്കാരനെ തിരിച്ചയച്ചു.

 

വെള്ളം ഉയർന്ന് ഒന്നാം നിലയിലെത്തി, ദേവദാസനും. പ്രാർത്ഥന മുറുകി.

 

പുറത്ത്  വീടിനെ പാതി വിഴുങ്ങിയ പുഴയിൽ ഒരു മോട്ടോർ ബോട്ട് ദേവദാസന്റെ നേരെ വന്നു.

 

ഇതിലേക്ക് കേറിക്കോളു നിങ്ങളെ ഉയർന്ന നിലത്തെത്തിക്കാം.

 

ദേവദാസൻ തയ്യാറായില്ല. 'വേണ്ട എന്നെ ദൈവം രക്ഷിച്ചോളും'.

 

വെള്ളം പിന്നെയും കയറി. ദേവദാസൻ ടെറസിൽ കയറി പ്രാർത്ഥന തുടര്ന്നു. സമയത്ത് ഒരു ഹെലികോപ്റ്റർ അത് വഴി വന്നു. അത് താഴ്ന്ന് വന്ന് ഒരു കയർ താഴേക്കിട്ടുകൊടുത്തു. ആരോ വിളിച്ചു പറഞ്ഞു: കയറിൽ പിടിച്ചു തൂങ്ങി കിടന്നോളു, നിങ്ങളെ സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്ത് എത്തിക്കാം.

 

ദേവദാസൻ പഴയ തീരുമാനം ആവർത്തിച്ചു, 'വേണ്ട എന്നെ ദൈവം സഹായിക്കും'.

 

ഹെലികോപ്റ്റർ മടങ്ങിപ്പോയി. പാരപ്പെറ്റിൽ കയറി ഇരുന്ന ദേവദാസൻ കാൽ വഴുതി വീണ് മുങ്ങി മരിച്ചു.

 

മറ്റേ ലോകത്തെത്തിയ ദേവദാസൻ ദൈവത്തെ കണ്ടു: 'ഞാൻ എത്ര പ്രാർത്ഥിച്ചിട്ടും എന്തേ എന്നെ സഹായിച്ചില്ല?' അവൻ ചോദിച്ചു.

 

'സഹായിക്കാൻ സഹായിക്കണ്ടേ ? ഞാൻ ഒരു തോണി അയച്ചു , കയറിയില്ല. ഒരു ട്രോളർ അയച്ചു , കേറിയില്ല. ഒരു ഹെലികോപ്റ്റർ അയച്ചിട്ടും കേറിയില്ല. ഞാനെന്തു ചെയ്യും. ആളെ കേറ്റാവുന്ന ഡ്രോൺ ഉണ്ടാക്കിത്തുടങ്ങിയിട്ടില്ല'.

Comments

Popular posts from this blog

അനുരഞ്ജനം

ഇണച്ചെരുപ്പുകൾ

ചോന്ന ഗോതമ്പിന്റെ നിറം