പരാതി മാനേജ്‌മന്റ്.
കുഞ്ഞുട്ടിയുടെ
പതിവ് റൂട്ട് ആണ് പള്ളിയുടെ അരികിലൂടെ കയറി പോകുന്ന ചരൽപ്പാത. കുറച്ചു കയറിക്കഴിയുമ്പോൾ
ഒന്ന് നിൽക്കും.
മരങ്ങൾക്കിടയിലൂടെ
ഇടത്ത് നിന്ന് പള്ളിയിലെ കുരിശും വലത്ത് നിന്ന് അമ്പലത്തിലെ കൊടിമരത്തിൽ തൂങ്ങിയാടുന്ന
കൊടിയും പരിചയം നടിച്ചുകൊണ്ട് കുഞ്ഞുട്ടിയെ മാടി വിളിക്കും.
അതിനകത്തുള്ള
തമ്പുരാക്കന്മാർ വിളിക്കുന്നതാണ്, അവനറിയാം. ചിലപ്പോഴൊക്കെ പരിഭവം തുറന്നു പറയാൻ മടിക്കാറില്ല.
തമ്പുരാക്കന്മാരേ..
എത്ര കാലമായി നിങ്ങൾ എന്നെ കാണുന്നു, എന്റെ കഷ്ടപ്പാടുകൾ കാണുന്നു? ഇതിന് ഒരറുതി വരുത്തിക്കൂടേ?
ഒരുദിവസം, നേരത്തെ
ഇരുട്ട് പരന്ന ഒരു ദിവസം, നാട്ടുവെളിച്ചത്തിന്റെയും വഴിയുടെ മനസ്സിൽ പതിഞ്ഞ ഓര്മയുടെയും
സഹായത്തിൽ കുഞ്ഞുട്ടി മെല്ലെ വഴി കയറി പാതിയിൽ ശ്വാസം അയക്കാൻ നിന്നു. പതിവ് പല്ലവിയിൽ
അയാൾ പ്രാർത്ഥിച്ചു: തമ്പുരാക്കന്മാരേ....
വിശേഷമായി ഒന്നും
സംഭവിക്കില്ലെന്ന് അവനറിയാം. എന്നാലും ഒരു പരീക്ഷണം. ദൈവം പ്രത്യക്ഷപ്പെട്ടതിന്റെയും
കാര്യമായി പ്രസാദിച്ചതിന്റെയും കഥകൾ ഒരുപാടു കേട്ടിട്ടുണ്ട്. എല്ലാം വെറുതെ...
ക്ഷീണം അല്പം
ശമിച്ചെന്നു കണ്ടു കുഞ്ഞുട്ടി നടക്കാൻ തുടങ്ങി. അപ്പോഴാണ് അത് കേട്ടത്. ഒരു പതിഞ്ഞ കരുണാർദ്രമായ ശബ്ദം.
മോനെ...
അവൻ നിന്നു.
കേട്ടത് തനിക്ക് വെറുതെ തോന്നിയതാണോ എന്ന് സംശയം.
ഉറപ്പാക്കാൻ
വേണ്ടി അവൻ ഒന്നുകൂടി ശ്രദ്ധിച്ചു മിണ്ടാതെ നിന്നു. ചുറ്റും നോക്കി അന്തിവെളിച്ചത്തിൽ
ആരെയും കണ്ടില്ല.
അവൻ നടക്കാൻ
തുടങ്ങി. ആ ശബ്ദം വീണ്ടും.
നിനക്കെന്താണ്
വേണ്ടത്?
അവന് ആശയക്കുഴപ്പമായി.
ഇത് തോന്നിയതല്ല. ഇത് മുകളിൽ നിന്നു തന്നെ. ആവശ്യം അറിയിക്കേണ്ട സമയം ഇത് തന്നെ. എന്താണ്
ചോദിക്കുക.
എന്നും കവലയിലെ
കൊതിപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകളുടെ തട്ട് കടന്നാണ് അവൻ വരുന്നത്. പെട്ടെന്ന് അത്
ഓർമയിൽ വന്നു.
തമ്പുരാക്കന്മാരേ...
എനിക്ക് ഒരു ബമ്പർ സമ്മാനം തരപ്പെടുത്തി തന്നുകൂടെ?
‘നോക്കാം’..
അവനു മറുപടി കിട്ടി. കവിഞ്ഞ സന്തോഷത്തോടെ അവൻ കാലുകൾ നീട്ടി നീട്ടി വച്ച് നടന്നുപോയി.
അടുത്ത ദിവസം
ഈ വിഷയത്തിൽ ഒന്നും സംഭവിച്ചില്ല. 'ക്ഷമിക്കാം
ധൃതി കാണിക്കേണ്ട', അവൻ തീരുമാനിച്ചു.
പിറ്റേന്നും
'നോക്കുന്നത്' കാണാതിരുന്നപ്പോൾ അവന് കഷ്ടം തോന്നി.
ഓര്മിപ്പിക്കണമായിരിക്കാം.
അവൻ അന്ന് വീട്ടിലേക്കുള്ള വഴിയിൽ ആദ്യം ഇടത്തോട്ടും പിന്നെ വലത്തോട്ടും നോക്കി മെല്ലെ
ഓർമിപ്പിച്ചു: ‘തമ്പുരാക്കന്മാരേ... എന്റെ കാര്യത്തിൽ എന്തെങ്കിലും’...
ഒരു മറുപടി
കേട്ടു:
നീ ടിക്കറ്റ്
എടുക്ക് , അല്ലതെങ്ങനെയാ? എന്നും ശിവദാസന്റെ ലോട്ടറി പാലകക്കു മുൻപിലൂടെ അല്ലേ നീ വരുന്നത്?
അവൻ നിന്നു.
ചുറ്റും നോക്കി. അവിടെയെങ്ങും ആരെയും കണ്ടില്ല.
കേട്ട ശബ്ദം
മനസ്സിലാക്കാൻ ശ്രമിച്ചു.
ശരിയാണല്ലോ.
ദൈവത്തിനോട് ആവശ്യപ്പെടുന്നതിലും ഒരു യുക്തി വേണ്ടേ? ടിക്കറ്റ് വെറുതെ കിട്ടണം, അതിൽ
തന്നെ നറുക്കും വീഴണം എന്ന് ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും അന്യായമല്ലേ?
താൻ പാതി, ദൈവം
പാതി എന്നല്ലേ?
അവനു ബോധ്യമായി.
അവൻ ഒരു തീരുമാനം എടുത്തു. ടിക്കറ്റ് എടുക്കുക
തന്നെ.
പിറ്റേന്ന്
പണി കഴിഞ്ഞു മടങ്ങുമ്പോൾ അവൻ കടയിൽ നിന്നിറങ്ങി നേരെ പള്ളിക്കവലയിൽ ശിവദാസൻ ടിക്കറ്റു
വിൽക്കുന്ന തട്ടിനടുത്ത് ചെന്നു.
ഒരു പട്ടികയിൽ കുത്തി നിർത്തിയ പലകയിൽ അടുക്കി വെച്ച ടിക്കറ്റ് കെട്ടുകളെ തഴുകി ഈച്ചയാട്ടുകയായിരുന്നു ശിവദാസൻ.
ശിവദാസനെ ദൂരെ
കണ്ട മുതൽക്കു കുഞ്ഞുട്ടിക്കൊരു സംശയം. തനിക്കു കിട്ടിയ ദർശനത്തിനു പിന്നിൽ ശിവദാസന്റെ
കറുത്ത കൈ എങ്ങാനും....
തന്നെ കാണുമ്പോൾ
ശിവദാസന്റെ മുഖത്ത് കള്ള ലക്ഷണം വല്ലതും ഉണ്ടോ
എന്നറിയാൻ ഒരു ജിജ്ഞാസ. കുഞ്ഞുട്ടി ശിവദാസനെ നേരെ നോക്കാതെ , തലതാഴ്ത്തി കണ്ണിന്റെ
കോണിലൂടെ കാക്ക നോക്കുമ്പോലെ നോക്കി.
ഹേയ് ശിവദാസന്റെ
മുഖം നിർവികാരം!.
ഒരു ടിക്കറ്റിന്റെ
ആവശ്യം ശിവദാസനെ അറിയിച്ചു. ഇഷ്ടപ്പെട്ട നമ്പർ പറയാൻ പറഞ്ഞു , ശിവദാസൻ. അപ്പോഴാണ് കുഞ്ഞുട്ടി
അതിനെ പറ്റി ആലോചിച്ചത്.
അയാൾ ടിക്കറ്റ്
എടുക്കാതെ വീട്ടിലേക്കു നടന്നു.
വഴിയിൽ അവന്റെ
ദൈവസമ്പർക്കം സജീവമായി.
ഏതു നമ്പർ ടിക്കറ്റ്
ആണ് എടുക്കേണ്ടത്? ഇടത്ത് ചോദിക്കണോ വലത്ത് ചോദിക്കണോ?
കുറ്റകരമായ
പക്ഷഭേദം ഒഴിവാക്കാനായി അവൻ നേരെ നിന്നു ചോദിച്ചു: തമ്പുരാക്കന്മാരേ.. ഞാൻ ടിക്കറ്റ്
എടുത്തുകൊള്ളാം, തീർച്ചയായും എടുത്തുകൊള്ളാം.
പക്ഷെ ഏതു നമ്പർ എടുക്കണമെന്ന് ഉപദേശിക്കണേ..
മറുപടി അശരീരി
വന്നു. നിനക്ക് വിശേഷപ്പെട്ടതായി തോന്നുന്ന
ഏതെങ്കിലും നമ്പർ എടുത്തോ.
ആ ഉപദേശത്തിൽ
തൃപ്തനായി അവൻ വീട്ടിലേക്കു നടന്നു.
അടുത്ത ദിവസം
മുതലാളിയോട് സമ്മതം വാങ്ങി അവൻ ശിവദാസനെ കണ്ടു. 'ഒരു ടിക്കറ്റ് എടുക്ക്', അവൻ നിർദേശിച്ചു.
ഏതു നമ്പർ ആണ്?
ശിവദാസൻ അവന്റെ ചോദ്യം എറിഞ്ഞു.
വിശേഷപ്പെട്ട
ഏതെങ്കിലും നമ്പർ മതി, കുഞ്ഞുട്ടി അറിയിച്ചു.
ശിവദാസൻ കുഴങ്ങി.
സംഖ്യകളിൽ വിശേഷപ്പെട്ടതല്ലാതെ
ഒരു സംഖ്യയും ഇല്ല എന്ന് കണക്കു മാഷ് പറഞ്ഞത് ശിവദാസൻ ഓർത്തു. ഏതെങ്കിലും നമ്പർ വിശേഷപ്പെടാത്തതായി ഉണ്ടെങ്കിൽ അതാണ് അതിന്റെ വൈശിഷ്ട്യം.
എല്ലാ നമ്പറും
വിശേഷപ്പെട്ടതാണ്. കുഞ്ഞുട്ടിയേട്ടൻ തന്നെ പറയണം. നിങ്ങളുടെ ഭാഗ്യം ആണ് പരീക്ഷിക്കുന്നത്,
എന്റേതല്ല.
കുഞ്ഞുട്ടി
കുഴങ്ങിക്കുട്ടി ആയി. രണ്ടു കയ്യും അരക്കു താങ്ങി ആകാശം മുഴുവൻ കണ്ണോടിച്ച് കുഞ്ഞുട്ടി
വീണ്ടും ഒരു തീരുമാനം എടുത്തു.
നിന്റെ തട്ടിൽ
ആകെ എന്ത് തുകയ്ക്കുള്ള ടിക്കറ്റ് ഉണ്ട്?.
ഒമ്പതായിരത്തി
എഴുനൂറ്, ശിവദാസൻ പറഞ്ഞു. പത്തായിരം രൂപയ്ക്കുള്ള ടിക്കറ്റ് വാങ്ങി വെച്ചതാണ്. ഒന്ന്
ഒരു ചെക്കൻ വന്നു വാങ്ങി കൊണ്ടുപോയി.
ഭാഗ്യത്തിന്റെ
ഒരു ലീക് കുഞ്ഞുട്ടിയെ ആശങ്കപ്പെടുത്തി. ആ ചെക്കന്റെ ടിക്കറ്റ് തിരികെ വാങ്ങാൻ പറ്റുമോ?
ചെക്കനോട് പോയി
ടിക്കറ്റ് വാങ്ങാൻ തമ്പുരാൻ ഉപദേശിച്ചിട്ടില്ല എന്നവൻ സമാധാനിച്ചു. ശിവദാസന്റെ കയ്യിലുള്ള
ടിക്കറ്റുകളിൽ തന്നെ ആയിരിക്കും തന്റെ ഭാഗ്യം ഇരിക്കുന്നത്.
ഈ തട്ടിലെ ടിക്കറ്റ്
ആർക്കും കൊടുക്കരുത്. എല്ലാം ഞാൻ എടുക്കുന്നു.
അവൻ വീട്ടിലേക്കു
തിരിച്ചു പോയി. മടങ്ങുമ്പോൾ അവൻ ബാങ്ക് പാസ്സ്‌ബുക്കും ചിന്നമ്മുവിന്റെ സ്വർണചെയിനും
എടുത്തു കയ്യിൽ വെച്ചു. നേരെ ബാങ്കിൽ ചെന്നു. ചെയിൻ പണയം വെച്ചു.
നേരെ ലോട്ടറി
തട്ടിലേക്ക്.
എല്ലാം എടുക്ക്,
കുഞ്ഞുട്ടി പറഞ്ഞു. ഒരു ചാൻസും എടുക്കരുത്. ഈ തട്ടിൽ വിശ്രമിക്കുന്ന ഭാഗ്യം ഒരിടത്തേക്കും
ചോരരുത്. അവൻ മുഴുവൻ ടിക്കറ്റും വാങ്ങി തട്ട് കാലി ആക്കി.
തട്ട് കാലി
ആക്കിയവനും സഞ്ചി ഭാഗ്യം കൊണ്ട് നിറച്ചവനും
അന്ന് പിന്നെ അവിടെ നിന്നില്ല. അവർ രമണനും മദനനും പോലെ തോളിൽ കയ്യിട്ട് കള്ളുഷാപ്പിലൂടെ
അവരവരുടെ വീടുകളിലേക്ക് നടന്നു കയറിപ്പോയി. അവർ രമണനും മദനനും പോലെ തോളിൽ കയ്യിട്ട്
കള്ളുഷാപ്പിലൂടെ അവരവരുടെ വീടുകളിലേക്ക് നടന്നു കയറിപ്പോയി.
പിന്നെയുള്ള
ദിവസങ്ങൾ കാത്തുനില്പിന്റെയും പ്രതീക്ഷയുടെയും ആസൂത്രണങ്ങളുടെയും ആയിരുന്നു. നറുക്കെടുക്കട്ടെ,
അതിനുശേഷം മാത്രം സൂക്ഷ്മമായ ആസൂത്രണവും നടപടിയും.
ആ ദിവസങ്ങളിൽ
പള്ളിമൂല തിരിഞ്ഞു നടന്നു കയറുമ്പോൾ അവൻ ഓർമ്മിപ്പിക്കാൻ മറന്നില്ല. തമ്പുരാക്കന്മാരെ..
ഞാൻ ഉപദേശിച്ച പോലെ ചെയ്തിട്ടുണ്ട്. ചിന്നമ്മുവിന്റെ ചെയിൻ ബാങ്കിലാണ്.
നറുക്കെടുപ്പ്
കഴിഞ്ഞ ദിവസം അവൻ ഓടിച്ചെന്ന് ശിവദാസനെ കണ്ടു.
ഇന്ന് കൂടുതൽ
ടിക്കറ്റ് ഉണ്ട് കുഞ്ഞുട്ടിയേട്ടാ, എല്ലാം എടുത്തു പൊതിയട്ടെ?
അത് കേൾക്കാൻ
കുഞ്ഞുട്ടിക്ക് കാതില്ലായിരുന്നു. അവന്റെ നാവു ചലിച്ചു: ഏതു നമ്പറിലാണ് ലോട്ടറി അടിച്ചത്?
ഇവിടെ ഒന്നും
അടിച്ചില്ല ചേട്ടാ. എറണാകുളത്തോ മറ്റോ ആണ്. അടുത്തത് ഇവിടെ തന്നെയായിരിക്കും , പൊതിയട്ടെ?
കുഞ്ഞുട്ടി
കുഴഞ്ഞു, ഒരു വിധം വീഴാതെ നോക്കി
ഇത് ചോദിച്ചിട്ടു
തന്നെ കാര്യം.
വഴിമദ്ധ്യത്തിൽ
അവൻ നിന്നു. ഇടത്തോട്ടും വലത്തോട്ടും. നോക്കി. തമ്പുരാക്കന്മാരെ.. ഇതെന്തേ ഇങ്ങനെ?
എന്നെ പൊക്കി എടുത്തു നിലത്തിട്ടുകളഞ്ഞല്ലോ..
അവന് ഒരു മറുപടിയും
കിട്ടിയില്ല. അവൻ വീട്ടിൽ ചെന്നു നില്പുറക്കാതെ വീണ്ടും പുറത്തിറങ്ങി. വഴിയിൽ ഇരുട്ടായിരുന്നു.
ഏകദേശം ഉന്നം കണക്കാക്കി അവൻ ദൈവങ്ങളെ വിളിച്ചു. എനിക്കൊരു മറുപടിയും തന്നില്ലല്ലോ
തമ്പ്രാക്കന്മാരെ...
അപ്പോൾ കേട്ടു
പതിഞ്ഞ സ്വരത്തിൽ അശരീരി.
ശാന്തനായി ക്ഷമയോടെ
കാത്തിരിക്കൂ മോനെ.. നിന്റെ നടപടികൾ തുടരട്ടെ.
നിന്റെ ദിവസം വരും. എത്ര പ്രാർത്ഥനകളാണ് കുന്നുകൂടി കിടക്കുന്നത്? ഓരോന്നായി എടുക്കുകയല്ലേ?
ഇത്തവണ ശിവദാസന്റെ ഊഴമായിരുന്നു. അവന്റെ ടിക്കറ്റുകൾ ഒരിക്കലെങ്കിലും മുഴുവനായ് വിറ്റുപോകാൻ പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി.
Comments
Post a Comment